കാത്തിരിപ്പിന് വിരാമമിട്ട് സുൽത്താൻ അൽ നെയാദിയും സംഘവും ഇന്ന് ഭൂമിയിലേയ്ക്ക് മടങ്ങും. വൈകിട്ട് 3.05-ന് ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് നിന്നും പുറപ്പെട്ട് നാളെ രാവിലെ 8.07-ന് ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചത്. നെയാദി ഉൾപ്പെട്ട നാലംഗ കൂ-6 സംഘം കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്.
സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ആന്ദ്ര ഫെഡ് യാവേവ് എന്നീ സഞ്ചാരികളാണ് നെയാദിക്കൊപ്പം തിരിച്ചെത്തുക. ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്താൻ ഏകദേശം 16 മണിക്കൂറെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന ആദ്യ എമറാത്തി, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയാണ് സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭൂമിയിലെത്തിയാൽ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വിവിധ ചികിൽസയിലൂടെ നെയാദിയും സംഘവും കടന്നുപോകും. അതിനുശേഷം യുഎഇയിലെത്തുന്ന അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കുന്നതെന്ന് മുഹമ്മദ് റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലെം അൽ മർറി പറഞ്ഞു. അവസരം ലഭിച്ചാൽ ഇനിയും രാജ്യാന്തര നിലയത്തിൽ എത്തുമെന്ന് നെയാദി പറഞ്ഞു.