നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടും ഒടുവിൽ വട്ടപൂജ്യമായി മാറിയെന്നാണ് എലിസബത്ത് കുറിച്ചത്. നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആ റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുകയാണ് എലിസബത്തിന്റെ ഇപ്പോഴത്തെ കുറിപ്പ്. എലിസബത്ത് ഇപ്പോൾ തൻറെ ഒപ്പമില്ലെന്നും എല്ലാം തൻറെ വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ അടുത്തിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുറിപ്പുമായി എലിസബത്ത് എത്തിയത്. ‘സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും’ എന്നാണ് എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടർ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിലെല്ലാം ഒരുമിച്ചെത്തി ആരാധകരുമായി ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. ബാല അസുഖമായി ആശുപത്രിയിൽ കിടന്നപ്പോഴെല്ലാം എലിസബത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഇരുവരേയും ഒരുമിച്ച് കാണാറില്ല. ഇതോടെ നടനും എലിസബത്തും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.