റോപ്പ് വേ വഴി ചരക്കുനീക്കത്തിന് പദ്ധതികളുമായി ഷാര്‍ജ. ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിലാണ് നൂതന സംരഭം ഒരുങ്ങുന്നത്. ആകാശ കേബിളുകൾ വഴി കണ്ടൈയ്നറുകൾ അതിവേഗം നീക്കാനുളള പദ്ധതികൾ പുരോഗമിക്കുകയാണ്. ചെറിയ അളവില്‍ വൈദ്യുതി ഉപയോഗിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കണ്ടെയ്നര്‍ ഷിപ്പുകൾ നീക്കാനുളള ഹൈടെക് ഗതാഗത തന്ത്രമാണ് പരീക്ഷിക്കപ്പെടുന്നത്.
കേബിളുകൾ സ്ഥിപിച്ചുകൊണ്ടുളള ട്രാക്ക് നിര്‍മ്മാണം പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 2.4 കിലോമീറ്റർ ട്രാക്കാണ് നിര്‍മ്മിക്കുന്നത്. ഒരു കണ്ടെയ്‌നർ ടെർമിനലും ചരക്ക് ഗതാഗതത്തിന്റെ പാർക്കിംഗിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു കണ്ടെയ്‌നർ ഡിപ്പോയും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും.
പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികളുടെ പട്ടികയിലാണ് നിര്‍മ്മാണം. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഹെവി ഗുഡ്‌സ് വാഹനങ്ങൾക്ക് ബദലായാണ് പുതിയ പദ്ധതി. കണ്ടെയ്‌നർ ടെർമിനലുകൾ പൂർത്തിയായെന്നും സ്ട്രിംഗ് റെയിലുകൾ ശക്തമാക്കുകയാണെന്നും പദ്ധതിക്ക് ചുക്കാന്‍ പിടിക്കുകന്ന യൂസ്കൈ ട്രാൻസ്‌പോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലെഗ് സരെറ്റ്‌സ്‌കി വ്യക്തമാക്കി. ഡിസംബറിലോ ജനുവരി ആദ്യത്തിലോ ആദ്യ കണ്ടെയ്‌നർ നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍ തുക ചെലവഴിച്ചാണ് ട്രാക്ക് നിര്‍മ്മാണം. ഓരോ കിലോമീറ്ററിനും 15 മില്യൺ ഡോളര്‍ വരെ ചിലവാകുമെന്നാണ് കണക്കുകൾ. എന്നാല്‍ ശേഷിയും ഡിമാൻഡും വർദ്ധിക്കുന്നതിനനുസരിച്ച് ഈ ചെലവുകൾ കുറയുമെന്ന് കമ്പനി അറിയിച്ചു. കണ്ടെയ്‌നർ ട്രാക്ക് പ്രവർത്തിപ്പിക്കുന്നതിന് നേരിട്ടുള്ള ചെലവ് ഒരോ നൂറ് കിലോമീറ്ററിനും 20 ഡോളര്‍ വീതം വേണ്ടിവരും.
അതേ സമയം പരീക്ഷണാര്‍ത്ഥമുളള പാസഞ്ചർ പോഡുകൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.