എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള് കസ്റ്റഡിയതായി സൂചന. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ബുലന്ദ്ശഹറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി രാസവസ്തു നിറച്ച കുപ്പി യാത്രക്കാര്‍ക്ക് നേരെ എറിഞ്ഞതെന്നാണ് വിവരം. നിലവില്‍ കസ്റ്റഡിയിലായ വ്യക്തി മരപ്പണിക്കാരനാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണം. പൊലീസ് സംശയിക്കുന്നയാള്‍ക്ക് യുപിയിലെ ബസായി എന്ന സ്ഥലത്തായിരുന്നു ജോലി. ഇയാള്‍ മൂന്ന് ദിവസത്തിന് ശേഷമേ ഇവിടെ എത്തൂ എന്ന് കൂടെ ജോലി ചെയ്യുന്നയാള്‍ അറിയിച്ചിട്ടുണ്ട്.
അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന സൂചനയെത്തുന്നത്. ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കം ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിരുന്നു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി.വിക്രമന് ആണ് 18 അംഗ സംഘത്തെ നയിക്കുന്നത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ് പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ് പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്