എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗിൽ നിന്ന് കണ്ടെത്തിയ കുറിപ്പുകളിൽ അന്വേഷണം തുടങ്ങി. ഒരു പേജിൽ പലയിടത്ത് ‘ഷാറുഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് എഴുതിയിട്ടുണ്ട്. ഷാറുഖ് സെയ്ഫി കാർപെന്റർ എന്ന പേരെഴുതിവച്ച പേജിന്റെ തൊട്ടടുത്ത പേജിൽ ഇതിൻ്റെ ചുരുക്കരൂപം ‘എസ്എസ്സി’ എന്ന് ലോഗോ വരച്ചിട്ടുണ്ട്. നോയിഡയിലെയും ഇന്ദിര മാർക്കറ്റിലെയും ചില കണക്കുകളും കുറിച്ചിട്ടുണ്ട്.
ബുക്കിൽ ഓരോ പേജിലും തുടക്കത്തിൽ ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ് എഴുതിയിരിക്കുന്നത്. ചുവപ്പ് കവറിൽ 50 പേജ് നോട്ട് ബുക്ക് നിറയെ ഡയറിക്കുറിപ്പുകളാണ്. തെറ്റില്ലാത്ത ഇംഗ്ലിഷിലാണ് ഓരോ ദിവസത്തെയും കാര്യങ്ങൾ എഴുതിയിരിക്കുന്നത്.‘ഫക്രുദീൻ കാർപെന്റർ’ എന്നൊരു പേരും ‘കാഫിർ കാർപെന്റർ’ എന്ന പേരും എഴുതിയിട്ടുണ്ട്.
ഒരു ദിവസം തനിക്കു 500 രൂപ ലഭിച്ചതും ചിലവാക്കിയത് 132 രൂപയെന്നും എഴുതിയിട്ടുണ്ട്. ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട്പാഡിൽ ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളും എഴുതിയിട്ടുണ്ട്. ഇതിനെ തുടർന്ന് മേഖലയിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴക്കൂട്ടം, തുമ്പ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിവരികയാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കഴക്കൂട്ടം, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചു.