മഹാരാഷ്ട്രയില്‍ ബിജെപിയുടെ വക അപ്രതീക്ഷിത ട്വിസ്റ്റ്. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ ആയിരിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുക എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് കൂടി ഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് വൈകിട്ട് 7.30ന് സത്യപ്രതിജ്ഞ ചെയ്യും.
ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയർത്തികൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് നേതാക്കള്‍ ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല. ഇന്ന് മുഖ്യമന്ത്രി മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രഖ്യാപനം. ഷിന്‍ഡെ വിഭാഗത്തിന് 13, ബിജെപിക്ക് 21 മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനായ ഏക്‌നാഥ് ഷിന്‍ഡെ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായിട്ടുണ്ട്. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിമത നീക്കം നടന്നതെന്നുമുള്ള ആരോപണം സത്യമാണെന്നാണ് ഇന്നത്തെ നാടകീയ സംഭവങ്ങൾ വിളിച്ചുപറയുന്നത്. തന്ത്രങ്ങൾ മെനഞ്ഞത് ദേവേന്ദ്ര ഫഡ്‌നാവിസാണെന്നും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.