ലോകജനസംഖ്യ 800 കോടി കടന്ന ദിവസം! ജീവനോടെയുള്ള മനുഷ്യരുടെ ഔദ്യോഗിക കണക്കാണിത്. ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന അടയാളപ്പെടുത്തുന്ന ദിവസമെന്ന പ്രത്യേകത നവംബർ 15നാണ്. ഇതിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ചൈനയിലാണ് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി.
പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവയൊക്കെ ജനസംഖ്യാ വർധനവിന് കാരണമാണ്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുക, മനുഷ്യകുലത്തെ മനസ്സിലാക്കുക, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തൽ മാത്രമല്ല സഹജീവികളോടുള്ള പ്രതിബദ്ധത കുറയുന്നുണ്ടോ എന്നു ആത്മപരിശോധന നടത്തേണ്ട അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂമിയെ ഇതെങ്ങനെ ബാധിക്കും?
അമേരിക്കൻ ജനയെപ്പോലെ ലോകജനത ജീവിച്ചാൽ 5.1 ഭൂമി കൂടി ഇനിയും വേണ്ടിവരുമെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ജനതയെപ്പോലെ ലോകജനത ഒന്നടങ്കം ജീവിച്ചാൽ വേണ്ടത് 0.8 ഭൂമി കൂടി മാത്രം. ഈ സാഹചര്യത്തിൽ 800 കോടി കടന്നിരിക്കുന്ന ജനസംഖ്യ ‘ഉണരേണ്ട ഒരു അവസര’മായിക്കൂടി കണക്കാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനസംഖ്യ കൂടുന്നത് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, ഊർജ ഉപഭോഗം എന്നിവയും വർധിക്കും. ഇതെല്ലാം ബാധിക്കുന്നത് ഭൂമിയെയാണ്.
ലോകത്തെ പകുതിയോളം ഗർഭധാരണവും (121 ദശലക്ഷം) മുൻപേ പദ്ധതിയിട്ടുള്ളതല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഇവയിൽ ചിലതിൽ മനുഷ്യാവകാശ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങളുമുണ്ട്.
1970കളിലെ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ എന്ന കണക്ക് 2015ൽ 2.5 കുട്ടികൾ എന്നായി. 1990കളിലെ ആയുർദൈർഘ്യം 64.6 വയസായിരുന്നു. എന്നാൽ 2019ൽ 72.6 വയസ്സ് വരെയായി. യുഎൻ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യാ വർധനയിൽ കുറവ് വരുന്നുണ്ട്. 700 കോടിയിൽനിന്ന് 800 കോടിയാകാൻ 11 വർഷമെടുത്തു. അത് 900 കോടിയാകാൻ 15 വർഷം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ചൈന 150 കോടിയിലേക്ക്, പിന്നാലെ ഇന്ത്യയും!
145.2 കോടി ജനസംഖ്യയുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ 141.2 കോടി ജനസംഖ്യയുമായി ഇന്ത്യയുമുണ്ട്. യുഎസിൽ ജനസംഖ്യ 33.5 കോടി. നാലാം സ്ഥാനത്ത് ഇന്തൊനീഷ്യ- 28.05 കോടി. പാക്കിസ്ഥാൻ ആണ് 23.1 കോടി ജനവുമായി അഞ്ചാം സ്ഥാനത്ത്. ആദ്യ പത്തിൽ റഷ്യയും (14.6 കോടി) ഇന്ത്യയുടെ അയൽ രാജ്യം ബംഗ്ലദേശും ഉണ്ട് (16.8 കോടി).
ആകെ ജനസംഖ്യയുടെ 17.7 ശതമാനം ഇന്ത്യയിലാണ്. നിലവിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും അധികം വൈകാതെ ഒന്നാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും. ഒരു ചതുരശ്ര കിലോമീറ്ററിൽ 464 പേർ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. 2020ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 35% പേർ നഗരത്തിൽ ജീവിക്കുന്നു. 1955 ൽ 40.9 കോടിയായിരുന്നു ഇന്ത്യൻ ജനസംഖ്യ. 1975ൽ 62.3 കോടിയായി. 2000ൽ 105.6 കോടിയായ ജനസംഖ്യ 2020 ആയപ്പോൾ 138 കോടിയായി ഉയർന്നു.
ലോക ജനസംഖ്യയുടെ 18.47 ശതമാനം ചൈനീസ് ജനതയാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 153 പേരാണ് ചൈനയിലുള്ളത്.
ലോകം എങ്ങനെ 800 കോടിയായി?
1803ലാണ് ലോക ജനസംഖ്യ 100 കോടിയിൽ എത്തുന്നത്. ബിസി 3000 വരെ മധ്യ അമേരിക്ക, മെഡിറ്ററേനിയൻ, ഇറാഖ്, സിറിയ, പലസ്തീൻ, ഇസ്രയേൽ, ഈജിപ്ത്, ജോർദാൻ, ഇന്ത്യ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലായിരുന്നു മനുഷ്യർ പ്രധാനമായും ജീവിച്ചിരുന്നത്.
1803ന് ശേഷം 124 വർഷം കൂടി പിന്നിട്ട് 1927ൽ ജനസംഖ്യ 200 കോടിയായി. പിന്നീട് 33 വർഷം കൊണ്ട് മാത്രം ജനസംഖ്യ 300 കോടിയായി. 400 കോടിയായത് 1975ലാണ്. പിന്നീട് ഓരോ 12 വർഷത്തിലും നൂറു കോടി എന്ന കണക്കിൽ ലോക ജനസംഖ്യ വർധിച്ചുവന്നു. എന്നാൽ, ഇനി 800ൽനിന്ന് വീണ്ടുമൊരു 100 കോടിയെത്താൻ ദീർഘനാൾ വേണ്ടിവരുമെന്ന് ജനസംഖ്യാ വിദഗ്ധർ വിലയിരുത്തുന്നു. ജനന നിയന്ത്രണവും വന്ധ്യതാ പ്രശ്നങ്ങളും കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് ഇതിന് കാരണം.
ജനസംഖ്യാ വർധന വലിയരീതിയിൽ ഉയർന്നത് 17ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ രണ്ടാം കാർഷിക വിപ്ലവകാലത്താണ്. നവ കാർഷികരീതികൾ മികച്ച വിളവു നൽകി. ആവശ്യത്തിനു ഭക്ഷണം ലഭ്യമായതോടെ ജനനനിരക്ക് ഉയർന്നു. ശാസ്ത്ര, ആരോഗ്യ മേഖലയിലെ പുരോഗതി ആയുസ് വർധിപ്പിച്ചു. ആധുനികയുഗത്തിനു മുൻപ് ദരിദ്ര രാജ്യങ്ങളിൽ ആയുർദൈർഘ്യം 30 വർഷമായിരുന്നത് 1900കൾ മുതൽ ഇരട്ടിയിൽ അധികമായി. ഇരുപതാം നൂറ്റാണ്ടിൽ മരണനിരക്ക് വലിയതോതിൽ കുറഞ്ഞു.
നിലവിൽ 0.84% എന്ന നിരക്കിൽ ഓരോ വർഷവും ജനസംഖ്യ വർധിക്കുന്നു. അതായത് ഓരോ വർഷവും 670 ലക്ഷം പേർ ജനിക്കുന്നു. വരും വർഷങ്ങളിൽ ഈ വളർച്ചാനിരക്ക് കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനസംഖ്യ വലിയതോതിൽ വർധിച്ച് പിന്നീടു കുറയും. 2057 ആകുമ്പോൾ 1000 കോടി ജനങ്ങൾ നിറയും ഭൂമിയിൽ.
കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന…
ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന എന്നിവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് പ്രധാനമാണ്.
നിലവിൽ മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ പകുതിയിലധികവും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന രീതിയിൽ രോഗബാധയ്ക്കു ഇടയാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രളയം തന്നെ ഉദാഹരണമാണ്. ജലത്തിൻ്റെ ഗുണനിലവാരത്തെ ജനസംഖ്യാവർധനവ് ബാധിക്കും. കൊടിയ വരൾച്ച ശുദ്ധജല ലഭ്യത കുറയ്ക്കും. ഇതു മനുഷ്യരെ മാത്രമല്ല മറ്റ് ജന്തുജാലങ്ങളെയും ബാധിക്കും. ജലദൗർലഭ്യവും വരൾച്ചയും 2030 ഓടെ 700 ദശലക്ഷം പേരെ ബാധിക്കുമെന്ന് യുഎൻ പറയുന്നു.
ആഗോളതലത്തിൽ ചൂടു വർധിക്കുന്നത് മറ്റൊരു ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു. ഹൃദയ, ശ്വാസകോശ ആരോഗ്യത്തെ അതു ബാധിക്കും. ഹീറ്റ് സ്ട്രസ് ഹീറ്റ് സ്ട്രോക്കായി മാറി അതു ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും.
ശുദ്ധവായു ലഭ്യമല്ലാതാകുന്നത് കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വർധനവും കാരണമാണ്. ചൂടു കാലാവസ്ഥയും ഫോസിൽ ഫ്യൂവൽ ഉപയോഗവും വായു മലിനീകരണത്തോത് ഉയർത്തുന്നുണ്ട്. ഇതുവഴി അലർജികളും ആസ്‌മയും മറ്റു ശ്വാസകോശരോഗങ്ങളും ഹൃദയസംബന്ധിയായ രോഗങ്ങളും വർധിക്കും. ചൂട് കൂടുന്നത് കാട്ടുതീ ഉണ്ടാക്കും. കൂടാതെ കാർഷികവിളകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കും.
ആരോഗ്യ പരിപാലനം മാത്രമല്ല, വിദ്യാഭ്യാസം, വീട്, ശുചിത്വം, വെള്ളം, ഭക്ഷണം, ഊർജം തുടങ്ങിയവയെയും ഇതെല്ലാം ബാധിക്കാം.