ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതിയുടെ ആഹ്വാനം. ജൂണ്‍ 29ആം തീയതി ബുധനാഴ്ച വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന . നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
സൗദിയുൾപ്പെടെ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും ദുല്‍ഹജ്ജ് ജൂണ്‍ 30 ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നം ജൂലൈ 9ന് ബലിപ്പെരുന്നാൾ എത്തുമെന്നും അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഗൾഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയില്‍ നാല് ദിവസവും കുവൈറ്റില്‍ 9 ദിവസവുമാണ് പൊതു അവധി. സൗദിയിലെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ജൂലൈ 6 മുതല്‍ 12 വരെ പെരുന്നാൾ അവധി നല്‍കിയിട്ടുണ്ട്. ജൂലൈ 13ന് ഓഫീസുകൾ പുനരാരംഭിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്‍റെ അറിയിപ്പ്.
അതേസമയം അവധി ദിനങ്ങളില്‍ ഹജ്ജ് തീർഥാടകർക്കും ഇതര സന്ദർശകർക്കും സേവനം നൽകുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വിമാനത്താവളം, ജിദ്ദ തുറമുഖം, മക്ക, മദീന, രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ബാങ്ക് ഓഫീസുകളും സീസണൽ ശാഖകളുമാണ് തുറന്ന് പ്രവർത്തിക്കുക.