ബലിപെരുന്നാൾ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സമഗ്രമായ മുന്നൊരുക്കങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി എമിറേറ്റിലെ റസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ഭക്ഷ്യോൽപാദന സ്ഥാപനങ്ങൾ, ചെറുകിട സ്റ്റോറുകൾ എന്നിവിടങ്ങളിൽ ശക്തമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്താൻ പ്രത്യേക ടീമിനെ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.
ദുബായിലെ ഭക്ഷണ സ്ഥാപനങ്ങൾ എമിറേറ്റിൽ നടപ്പാക്കിയ ആരോഗ്യ നിയന്ത്രണങ്ങളും സുരക്ഷ നിലവാരവും പാലിക്കുന്നുണ്ടോ എന്ന് മുനിസിപ്പാലിറ്റി പരിശോധിക്കും. കൂടാതെ ആരോഗ്യ സുരക്ഷക്കായി മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിയമങ്ങളും ഈ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
ബലിപെരുന്നാൾ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, അറവുശാലകൾ, ഭക്ഷ്യ സംഭരണശാലകൾ, മാർക്കറ്റുകൾ, പാസ്ട്രി ഷോപ്പുകൾ, റോസ്റ്ററികൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പയിനുകളും പരിശോധനകളും നടത്താനും മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്. അതേസമയം ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉണ്ടെങ്കിൽ 800900 എന്ന നമ്പറിൽ അറിയിക്കാം.