എമിറേറ്റിലെ ലേബർ ക്യാമ്പ് തൊഴിലാളികൾക്കായി ആഘോഷ പെരുന്നാൾ ഒരുക്കി ദുബായ് തൊഴിൽകാര്യ സ്ഥിരം സമിതി. ‘സാദാ’ (സന്തോഷം) എന്ന് പേരിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ 30 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണ് തൊഴിലാളികളെ കാത്തിരിക്കുന്നത്. അൽകൂസ്, ജബൽ അലി, മുഹൈസിന എന്നീ മൂന്ന് ലേബർ ക്യാമ്പുകളിലാണ് ബലിപെരുന്നാളിന്റെ മൂന്നു ദിവസങ്ങളിൽ വലിയ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ഓരോ ക്യാമ്പിലും വിവിധ കലാപരിപാടികൾക്കൊപ്പം ഓരോ ദിവസവും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.
അതേസമയം വിവിധ സമ്മാനങ്ങൾക്ക് പുറമേ ബംബർ സമ്മാനമായി മൂന്ന് ദിവസവും ഓരോ കാറുകൾ വീതവും ലേബർ ക്യാമ്പിലുള്ളവർക്ക് നൽകും. കൂടാതെ മൂന്നു ദിനവും ലേബർ ക്യാമ്പുകളിൽ വിവിധ ആഘോഷ പരിപാടികളാണ് സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുമിച്ച് ആഘോഷിക്കാം ഈദ് എന്നതാണ് ഇത്തവണത്തെ സന്ദേശം.
ബലി പെരുന്നാൾ ആഘോഷത്തിൽ തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘സാദാ’ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അസി.ഡയറക്ടറും പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബായ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ദുബായ് പൊലീസ്, ഇസ്ലാമിക് അഫേഴ്സ്, ദുബായ് ഇക്കണോമിക് ഡെവലപ്മെന്റ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവരും പരിപാടിയുമായി സഹകരിക്കും.