ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം കടന്നുവന്ന ഈദ് പെരുന്നാൾ ആഘോഷമാക്കി ഗൾഫ് നാടുകൾ. ആശംസകൾ കൈമാറിയും സക്കാത്തുകൾ നൽകിയും സാഹോദര്യം പങ്കിട്ടും ചെറിയ പെരുന്നാൾ. സൌദിയിലും യുഎഇയിലും ഉൾപ്പെടെ ഈദ് നിസ്കാരത്തിൽ പങ്കെടുത്തത് ലക്ഷങ്ങൾ.
പുലർച്ചെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിശ്വാസികൾ ഈദ് നിസ്കാരത്തിനെത്തി. പളളികളിലും ഈദ് ഗാഹുകളിലും പ്രത്യേക ഒരുക്കങ്ങൾ നടത്തിയിരുന്നു. ലക്ഷകണക്കിന് ആളുകളാണ് സൌദിയിലെ ഇരുഹറമുകളിലും നിസ്കാരത്തിനായി എത്തിയത്.രാജ്യത്തെ എല്ലാ പ്രധാനപളളികളും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു.
അബുദാഹി ഗ്രാൻഡ് മോസ്ക് ഉൾപ്പെടെ യുഎഇയിലും വിശ്വാസസമൂഹം ഈദ് നിസ്കാരത്തിൻ്റെ ഭാഗമായി. ദുബായ് മതകാര്യവകുപ്പിൻ്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെൻ്ററിൽ നടന്ന പ്രാർത്ഥനകൾക്ക് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകി. ഖത്തർ, കുവൈറ്റ് , ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിലും വിശ്വാസ സമൂഹം ഈദ് പ്രാത്ഥനകളിൽ മുഴുകി. പ്രവാസ സമൂഹവും പ്രാർത്ഥനകളിലും ഈദ് ആഘോഷങ്ങളിലും പങ്കുചേർന്നു.
ഈദ് അവധി ദിനങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികളാണ് ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിച്ചിട്ടുളളത്. പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബിച്ചുകളിലും മറ്റും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗമുൾപ്പെടെ ആഘോഷങ്ങളുമുണ്ട്. സുരക്ഷാ മുൻ കരുതലിലാണ് ആഘോഷങ്ങൾ നടക്കുന്നത്. അതേസമയം ഒമാനിലും കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാൾ വന്നെത്തുക.