യു.എ.ഇയുടെ ഈവർഷത്തെ സായിദ് ഹ്യൂമൻ ഫ്രെറ്റേനിറ്റി അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്തോനേഷ്യയിലെ രണ്ട് ഇസ്‌ലാമിക സംഘടനകൾക്കും മാനുഷിക പ്രവർത്തനത്തിന് മാതൃകയായ ഈജിപ്ഷ്യൻ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. മഗ്ദി യാക്കൂബ്, ചിലിയിലെ കന്യാസ്ത്രീ സിസ്റ്റർ നെല്ലി ലിയോൺ കോറേയ എന്നിവർക്കുമാണ് ഈവർഷത്തെ അവാർഡ്. ഈമാസം അഞ്ചിന് അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. മാനവിക സാഹോദര്യത്തിനായി സംഭാവനകളർപ്പിക്കുന്നവർക്ക് യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രേറ്റേനിറ്റി.
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനകളായ നഹ്‌ലത്തുൽ ഉലമ, മുഹമ്മദിയ്യ എന്നിവയാണ് ഈവർഷത്തെ സായിദ് മാനവ സാഹോദ്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത രണ്ട് സംഘടനകൾ.
ദരിദ്ര്യ രാജ്യങ്ങളിൽ പാവപ്പെട്ടവർക്കും കുട്ടികൾക്കും ഹൃദയശസ്ത്രക്രിയക്ക് അവസരമൊരുക്കി നിരവധി ജീവനുകൾ രക്ഷിച്ച ഈജിപ്ഷ്യൻ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. മഗ്ദി യാക്കൂബാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വം. തടവിൽ കഴിയുന്ന വനിതകൾക്കായി നടത്തുന്ന പ്രവർത്തനങ്ങളാണ് മദർ നെല്ലി എന്നറിയപ്പെടുന്ന സിസ്റ്റർ നെല്ലി ലിയോൺ കോറേയയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.