മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘എഡ്യൂറോം’ ആരംഭിച്ചു. ഗവേഷണം, ഉന്നത വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം എന്നിവയിലെ ഉപയോക്താക്കൾക്കുള്ള അന്താരാഷ്ട്ര വൈഫൈ ഇന്റർനെറ്റ് ആക്സസ് റോമിങ് സേവനമാണ് എഡ്യൂറോം. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയവും ഒമാൻ എയർപോർട്ട്സും സംയുക്തമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയത്.
അതേസമയം വിദ്യാർഥികൾക്കും അക്കാദമിക് വിദഗ്ധർക്കും സുരക്ഷിതമായ വയർലെസ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന മിഡിലീസ്റ്റിലെ ആദ്യത്തെ വിമാനത്താവളം കൂടിയാണ് മസ്കത്ത് എയർപോർട്ട്. അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് പുറമേയുള്ള ഏതെങ്കിലും സ്ഥാപനം സന്ദർശിക്കുമ്പോൾ എഡ്യൂറോം സേവനം വഴി നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ സാധിക്കും
എന്നാൽ ഔദ്യോഗിക ഗവേഷണ ശൃംഖലയുമായി ബന്ധമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും മാത്രമേ ഈ സേവനം ലഭ്യമാകൂവെന്ന് ഇന്നവേഷൻ സെന്റർ ഡയറക്ടർ ജനറൽ നജാ മുഹമ്മദ് അൽ റാഷിദിയ അറിയിച്ചു. നിലവിൽ ഒമാനിലെ സർവകലാശാലകൾ, കോളജുകൾ എന്നിങ്ങനെയുള്ള 36 പ്രധാനമായ സ്ഥലങ്ങളിൽ ഈ സേവനം ലഭ്യമാക്കുമെന്നും അൽ റാഷിദിയ കൂട്ടിച്ചേർത്തു.