പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി.
ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക സ്ഥിതിവിവര കണക്ക് തയ്യാറാക്കുകയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇ.ഡി പറഞ്ഞു.
‘ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നും നിരവധി സമൻസുകൾ അയച്ചെങ്കിലും ബൈജു രവീന്ദ്രൻ ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ലെന്നും പറയുന്നു.