യുഎഇയിൽ യാത്രാസൗകര്യത്തിനായി നിരവധി പേർ ആശ്രയിക്കുന്ന മാർഗമാണ് ഇ-സ്കൂട്ടർ. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ദിനംപ്രതി നിരവധി ഇ-സ്കൂട്ടർ പെർമിറ്റുകളാണ് അധികൃതർ അനുവദിക്കുന്നത്. എന്നാൽ ഇപ്പോൾ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) തീരുമാനം.
ഇന്ന് മുതൽ ദുബായ് മെട്രോയിലേയ്ക്കും ട്രാമിലേയ്ക്കും ഇ-സ്‌കൂട്ടറുമായി പ്രവേശിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് പുതിയ തീരുമാനം. നിലവിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് നിരോധനം നിലവിലുള്ളതെങ്കിലും വരും ദിവസങ്ങളിൽ നിരോധനം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മെട്രോയിലും ട്രാമിലും ഇ-സ്കൂട്ടർ നിരോധിച്ചത് സ്കൂട്ടർ ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. കാരണം ദൂരസ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർ കയ്യിൽ ഇ-സ്കൂട്ടർ കരുതിയാണ് പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നത്. മെട്രോ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്താൻ സ്കൂട്ടറാണ് പലരും ഉപയോഗിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ യാത്രക്കാർ ദുരിതത്തിലാകും.