ദുബായിലെ ഹത്ത പർവതങ്ങളിലേക്ക് സഞ്ചരിക്കാൻ ഇ-സ്കൂട്ടറോ ബൈക്കോ വാടകയ്ക്കെടുക്കാം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(ആർടിഎ) പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ സന്ദർശകർക്കും താമസക്കാർക്കും ഹത്തയുടെ ഒൻപത് കിലോമീറ്റർ റൂട്ടിൽ 11 സൈറ്റുകളിൽ ബൈക്ക്, ഇ-സ്കൂട്ടർ സ്റ്റേഷനുകൾ ആർടിഎ തുറന്നിട്ടുണ്ട്. ഏകദേശം 650 ഇരുചക്രവാഹനങ്ങൾ – 250 ഇ-സ്കൂട്ടറുകൾ, 250 ബൈക്കുകൾ, 150 മൗണ്ടൻ ബൈക്കുകൾ എന്നിവ ഇപ്പോൾ യാത്രക്കാർക്കായി സജ്ജമാണ്. ഹത്ത സന്ദർശകർക്ക് ഇവ വാടകയ്ക്ക് എടുത്ത് 11.5 കിലോമീറ്റർ നീളമുള്ള ട്രാക്കുകളിലൂടെ സഞ്ചരിക്കാം.
വാദി ഹത്ത പാർക്കിന് സമീപമുള്ള ഹട്ട ഹെറിറ്റേജ് വില്ലേജ്, ഹട്ട വാലി, ഹത്ത ഹിൽ പാർക്ക്, പബ്ലിക് ബസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ ഹത്തയിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ ഉടനീളം ഈ സ്റ്റേഷനുകളും റൈഡർമാർക്കുള്ള വിശ്രമ സ്റ്റോപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ സ്ഥാനം, പാരിസ്ഥിതികവും സാംസ്കാരികവുമായ വൈവിധ്യം, വിനോദ ഓപ്ഷനുകൾ എന്നിവയാണ് ഹത്തയെ വേറിട്ട് നിർത്തുന്നത്.
2023-ന്റെ ആദ്യ പാദത്തിൽ ബൈക്ക്, ഇ-സ്കൂട്ടർ സ്റ്റേഷനുകളുടെ ട്രയൽ റൺ ഗണ്യമായ താൽപ്പര്യം നേടിയിരുന്നു. കൂടാതെ 1,902 ട്രിപ്പുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇ-സ്കൂട്ടറുകളിൽ മാത്രമായി 984 ഉം ബൈക്കുകളും മൗണ്ടൻ ബൈക്കുകളിലുമായി 918 ട്രിപ്പുകളും രേഖപ്പെടുത്തി. 93 ശതമാനം പേരും ആ കാലയളവിൽ നൽകിയ സേവനങ്ങളിൽ തൃപ്തരാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.