സൗദി അറേബ്യയിലെ നിയോം വിമാനത്താവളത്തിൽ യാത്രാ നടപടികൾ ഇനി കൂടുതൽ എളുപ്പമാകും. ഇലക്ട്രോണിക് പാസ്പോർട്ട് ഗേറ്റ് സംവിധാനവുമായി എത്തിയിരിക്കുകയാണ് നിയോം വിമാനത്താവളം. അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുത്തൻ സംവിധാനം.
ബയോമെട്രിക് ഇ-പാസ്പോർട്ട് സ്കാനറുകളും ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളുമുപയോഗിച്ചുള്ള മികച്ച സേവനമായിരിക്കും ലഭിക്കുക. യാത്രക്കാര്‍ക്ക് നടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇത് വഴി സാധിക്കും. ജവാസത്ത്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ), നാഷണൽ ഇൻഫർമേഷൻ സെൻ്റർ തുടങ്ങിയ സർക്കാർ ഏജൻസികളും നിയോമും തമ്മിൽ സഹകരിച്ചാണ് ഈ നൂതന സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.