ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോർഡുകൾ കുറിയ്ക്കുന്നതിൽ എന്നും മുന്നിലാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡി.എക്‌സ്.ബി.) രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ.) കഴിഞ്ഞവർഷത്തെ റാങ്കിങ്ങിലാണ് ഡി.എക്‌സ്ബി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് എക്സിലൂടെ നേട്ടംപങ്കുവച്ചത്. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിലെ എമിറേറ്റിന്റെ വളർച്ചയുടെ പുതിയയുഗമാണ് ഇവിടെ അടയാളപ്പെടുത്തുന്നതെന്നും ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു.
2022-ലെ പട്ടികയിൽ അഞ്ചാംസ്ഥാനമായിരുന്നു ലഭിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിലൂടെയാണ് നേട്ടം സാധ്യമായത്. കഴിഞ്ഞ വർഷം 8.69 കോടി ആളുകളാണ് ദുബായ് വിമാനത്താവളംവഴി യാത്രചെയ്തത്. 2022-ൽ ഇത് 6.6 കോടിയായിരുന്നു.