ശൈത്യകാലം അവസാനിക്കാറായതിനാൽ സൗദിയിൽ വിഷമുള്ള ജീവികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്. മരുഭൂ പ്രദേശങ്ങളിലാണ് പാമ്പും തേളും ഉൾപ്പെടെയുള്ള വിഷമുള്ള ജീവികൾ പാർക്കുന്നതെന്നും അതിനാൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ പ്രത്യേകം സൂക്ഷിക്കണമെന്നുമാണ് നിർദേശം.
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളിലുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഏറ്റവും അപകടകാരികളായ മഞ്ഞ തേളുകൾ ഇവിടങ്ങളിൽ ധാരാളമായുണ്ട്. ശൈത്യകാലം അവസാനിക്കാനായതിനാൽ ഭക്ഷണം തേടിയോ പാർപ്പിടം തേടിയോ അല്ലെങ്കിൽ ഇണചേരാനുള്ള പങ്കാളിയെ തേടിയോ വിഷജീവികൾ കൂടുതലായി പുറത്തിറങ്ങുന്ന സമയമാണിത്. തണുപ്പ് വിട്ട് ചൂടിലേക്ക് മാറുമ്പോഴാണ് ഇവ പുറത്തിറങ്ങുന്നത്. മണലിൽ ചേർന്ന് കിടക്കുന്ന മഞ്ഞ തേളുകളെ പെട്ടെന്ന് കണ്ടെത്തുക പ്രയാസവുമാണ്.
അതിനാൽ രാത്രി ജോലി ആവശ്യാർത്ഥമോ വിനോദത്തിനായോ പുറത്തിറങ്ങുന്നവർ കയ്യിൽ വെളിച്ചം കരുതുകയും ക്യാമ്പിങ്ങിനായി മരുഭൂമിയിലേക്ക് പോകുന്നവർ കാലിൻ്റെ മുട്ടോളം മൂടുന്ന സുരക്ഷാ ഷൂസ് ധരിക്കുകയും ഒരു വടി ഉപയോഗിച്ച് നിലത്ത് തട്ടിക്കൊണ്ട് നടക്കുകയും വേണമെന്നാണ് നിർദേശം. കഴിഞ്ഞ വർഷം മാത്രം 4,200ഓളം ആളുകൾക്കാണ് സൗദിയിൽ പാമ്പിൻ്റെയും തേളിന്റെയും കടിയേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.