ദുബായിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി അധികൃതർ. റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്‌മാർട്ട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. 2026ഓടെ ദുബായിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും സ്‌മാർട്ട് ട്രാഫിക് സംവിധാനം 100 ശതമാനം പ്രാവർത്തികമാക്കാനാണ് നീക്കം.
ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ദുബായിലെ പ്രധാനപ്പെട്ട റോഡുകളിലെ 60 ശതമാനം ഭാഗങ്ങളിലും പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. നിലവിൽ 480കി.മീറ്റർ പരിധിയിൽ വരുന്ന റോഡ് ശൃംഖല രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ 710കി.മീറ്റർ പരിധിയിൽ നടപ്പിലാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 നിരീഷണ കാമറകളും അപകടങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു.
പ്രാരംഭഘട്ടത്തിൽ 112 വേരിയബിൾ മെസേജ് സൈനുകൾ സ്ഥാപിച്ച് റോഡിന്റെ അവസ്ഥയെക്കുറിച്ച് തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. യാത്രാ സമയവും വേഗതയും അളക്കുന്നതിനുള്ള 115 ഉപകരണങ്ങൾ, 17 കാലാവസ്ഥാ സെൻസർ സ്റ്റേഷനുകൾ, 660 കി.മീറ്റർ വൈദ്യുത ലൈനുകൾ, 820 കി.മീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് ശൃംഖല എന്നിവയും ഈ ഘട്ടത്തിൽ നിർമ്മിച്ചതായി ആർ.ടി.എ അധികൃതർ വ്യക്തമാക്കി.