ദുബായ് രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ കുഞ്ഞ് മുഹമ്മദിനെ താലോലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചൊവ്വാഴ്ച രാത്രി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് കുഞ്ഞ് മുഹമ്മദിനെ സ്നേഹത്തോടെ താലോലിക്കുകയും ചുംബിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇരുവരും വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കുഞ്ഞു മുഹമ്മദിന്റെ മുഖം ചിത്രങ്ങളിൽ വ്യക്തമായി കാണുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഹൃദയസ്പർശിയായ ഒന്നാമത്തെ ചിത്രത്തിൽ ശൈഖ് മുഹമ്മദ് ചെറുമകനെ സന്തോഷത്തോടെ നോക്കുന്നതും കുഞ്ഞിനെ ഉയർത്തുന്നതും കവിളിൽ ചുംബിക്കുന്നതും കാണാം. രണ്ടാമത്തെ ചിത്രത്തിൽ ശൈഖ് മുഹമ്മദ് മുകളിലേക്ക് നോക്കി മറ്റൊരാളോട് സംസാരിക്കുമ്പോൾ കുഞ്ഞ് മുഹമ്മദ് ചിരിക്കുന്നതായും കാണാം. കൊച്ചുമകനെ കൈകളിൽ പിടിച്ച് സംസാരിക്കുമ്പോൾ ദുബായ് ഭരണാധികാരി പുഞ്ചിരിക്കുന്നു. അവസാനത്തെ ചിത്രത്തിൽ ശൈഖ് മുഹമ്മദ് കുഞ്ഞിനെ ഉയർത്തി കവിളിൽ ചുംബിക്കുന്നുണ്ട്. ചെറുമകനോടുള്ള സ്നേഹവും വാത്സല്യവും ചിത്രങ്ങളിൽ ഉടനീളം കാണാം.
ഫെബ്രുവരി 25 നാണ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്ന് പേരിട്ടിട്ടുള്ള കുഞ്ഞ് ജനിച്ചത്. മനോഹരമായ സ്വർണ്ണ ട്രിമ്മിംഗുകളുള്ള ബീജ് പുതപ്പിൽ കുഞ്ഞിനെ പൊതിഞ്ഞുകൊണ്ട് ശൈഖ് മുഹമ്മദ് എടുത്ത് നിൽക്കുകയും ശൈഖ് ഹംദാൻ സമീപം നിൽക്കുകയും ചെയ്യുന്ന ചിത്രം കുറച്ച് നാളുകൾക്ക് മുൻപ് ശൈഖ് ഹംദാൻ പങ്കുവച്ചിരുന്നു. ദുബായ് രാജകുടുംബത്തിലെ മൂന്ന് തലമുറകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രമായിരുന്നു അത്.