ദുബായിൽ ഇനി പാർക്ക് ചെയ്തുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. ദുബായിലുടനീളമുള്ള പെയ്ഡ് പാർക്കിംഗ് സോണുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് ദുബായ് ഇലക്‌ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ദീവ) ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ നിയന്ത്രിക്കുന്ന സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ഈ വർഷം ഏപ്രിൽ അവസാനത്തോടെ ദുബായിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30,000 കവിഞ്ഞതായും വരും വർഷങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.
ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്‌ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികവും നിലവിൽ പാർക്കിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓൺ-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്. കഴിഞ്ഞ വർഷം 779.4 ദശലക്ഷം ദിർഹമായിരുന്നു പാർക്കിന്റെ വരുമാനം.