ദുബായിലെ എണ്ണയിതര വ്യാപാരം ഉയർച്ചയുടെ പാതയിൽ. ജൂണിലേത് കഴിഞ്ഞ 10 മാസത്തിലെ ഏറ്റവും മികച്ച മുന്നേറ്റമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതാണ് വളർച്ചാ നിരക്ക് അതിവേഗത്തിലാകാൻ കാരണം. എസ് ആന്റ് പി ഗ്ലോബൽ പർചേസിങ് മാനേജേഴ്സ് സൂചികയിൽ മെയിൽ 55.3 ആയിരുന്ന ദുബായിലെ എണ്ണയിതര വ്യാപാരം ജൂണിൽ 56.9 ആയി ഉയർന്നു.
പ്രധാനമായും നിർമ്മാണം, മൊത്തവ്യാപാരം, ചെറുകിട വ്യാപാരം, യാത്ര, വിനോദസഞ്ചാരം എന്നീ രംഗങ്ങളിലാണ് ദുബായ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ബിസിനസ് രംഗത്ത് ഉണർവുണ്ടായതോടെ ദുബായിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ദുബൈയുടെ സാമ്പത്തിക രംഗം 2022ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 4.6 ശതമാനം എന്ന നിലയിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ ഘട്ടത്തിൽ മൊത്ത വ്യാപാരവും ചെറുകിട വ്യാപാരവുമാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.1 ശതമാനം നേടിയെടുത്തത്.
യാത്രാ-ടൂറിസറ്റ് മേഖലകളിലും ഉയർന്ന വളർച്ചാനിരക്കാണ് ദുബായ് രേഖപ്പെടുത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2023ലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം 95.6 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ മാത്രം 2.12 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത്.