ദുബായ് ആർടിഎ ഏറ്റവും ശ്രദ്ധവെയ്ക്കുന്ന കാര്യമാണ് റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ. നിയമലംഘനങ്ങൾ നടത്താത്ത മികച്ച ഡ്രൈവർമാരെ അർടിഎ പല ആഘോഷ വേളകളിലും ആദരിക്കാറുണ്ട്. അത്തരത്തിൽ ഡെലിവറി ബൈക്ക് റൈഡർമാരെയും ആറ് ഡെലിവറി കമ്പനികളെയും ആദരിച്ചിരിക്കുകയാണ് ദുബായ് ആർടിഎ.
വിവിധ വിഭാഗങ്ങളിലായി ഡെലിവറി കമ്പനികൾക്കും മോട്ടോർ ബൈക്ക് റൈഡർമാർക്കുമുള്ള മേഖലയിലെ ആദ്യ അവാർഡുകൾ ദുബായ് ആർടിഎ വിതരണം ചെയ്തു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാൻ ഡയറക്ടർ ജനറൽ, ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിംഗ് ആൻഡ് വെൽബീയിംഗ് പില്ലർ കമ്മീഷണർ ജനറൽ മാറ്റാർ അൽ തായർ, കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദുബായിലെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും ഡെലിവറി കമ്പനികളെയും മോട്ടോർ ബൈക്ക് ഡ്രൈവർമാരെയും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതിനും കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡെലിവറി ഡ്രൈവർമാരെ അംഗീകരിക്കുന്നതിനാണ് ഈ ഗ്രൗണ്ട് ബ്രേക്കിംഗ് അവാർഡ് സമർപ്പിച്ചിരിക്കുന്നതെന്ന് ആർടിഎ പത്രക്കുറിപ്പിൽ അറിയിച്ചു.
ഡെലിവറി കമ്പനികളുടെ വിഭാഗത്തിൽ, അരമെക്‌സ് ഒന്നാം സ്ഥാനവും, ഫാർമാൻ ഡെലിവറി സർവീസസ് എൽഎൽസി രണ്ടാം സ്ഥാനവും എക്‌സ്‌പ്രസ് വൾക്കൻ ഡെലിവറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്മാർട്ട് പ്ലാറ്റ്‌ഫോമുകളും ആപ്ലിക്കേഷനുകളും വഴി പ്രവർത്തിക്കുന്ന മികച്ച ഡെലിവറി സേവന കമ്പനികളിൽ, നൂൺ ഫുഡ് ഒന്നാം സ്ഥാനവും മോട്ടോബോയ് ഡെലിവറി സർവീസസ് രണ്ടാം സ്ഥാനവും നൗ നൗ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി. കൂടാതെ, 29 വ്യത്യസ്ത ഡെലിവറി കമ്പനികളെ പ്രതിനിധീകരിച്ച് മികച്ച 100 പ്രൊഫഷണൽ ഡ്രൈവർമാരെ ചടങ്ങിൽ അംഗീകരിച്ചു.