ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി പ്രത്യേക പൊലീസ് സംഘം വരുന്നു. ‘ഹെറിറ്റേജ് പൊലീസ്’ എന്നു പേരിട്ട പുതിയ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി സഹകരിച്ച് പ്രവർത്തിക്കുമെന്ന കരാറിൽ ദുബായ് പൊലീസും സാംസ്‌കാരിക വകുപ്പായ ദുബായ് കൾച്ചർ അധികൃതരും ഒപ്പുവെച്ചു.
ദുബായിയുടെ ചരിത്രം പരിചയപ്പെടുത്തുക, സാംസ്‌കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹെറിറ്റേജ് പൊലീസ് പ്രവർത്തിക്കുക. അൽ ഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ദുബായിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റേജ് പൊലീസിനെ വിന്യസിക്കുന്നത്.
പരസ്‌പരമുള്ള ആശയവിനിമയം വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഇരു വകുപ്പുകളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്നും ദുബായിയുടെ ചരിത്രത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് സുരക്ഷാ വിഭാഗത്തിന് നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.