ദുബായ് നഗരത്തെ മനോഹരമാക്കുന്ന കാഴ്ചകളിലൊന്നാണ് വാട്ടർകനാലിലെ വെള്ളച്ചാട്ടം. കൂടുതൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നവിധം വെള്ളച്ചാട്ടം നവീകരിച്ചിരിക്കുകയാണ് ദുബായ് ആർ.ടി.എ. രണ്ട് മാസം സമയമെടുത്താണ് ഈ കൃത്രിമ വെള്ളച്ചാട്ടം നവീകരിച്ചിരിക്കുന്നത്. രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിലാണ് ഈ വാട്ടർകനാലിലെ ഈ വെള്ളച്ചാട്ടമുള്ളത്.
നവീകരണത്തിന്റെ ഭാഗമായി വെള്ളച്ചാട്ടത്തിന്‍റെ പുറംഭാഗത്തുണ്ടായിരുന്ന അലൂമിനിയം പാളികൾ നീക്കിയിട്ടുണ്ട്. കൂടാതെ ഉരുക്കുനിർമിത പൈപ്പുകൾ മാറ്റി പകരം പ്ലാസ്റ്റിക് പൈപ്പുകളാക്കുകയും ചെയ്തു. വെള്ളച്ചാട്ടത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ഒരു ഫ്ലോട്ടിങ് പ്ലാറ്റ്‍ഫോം കൂടി പുതുതായി സ്ഥാപിച്ചിട്ടുണ്ട്.
രാത്രിയിൽ വർണ്ണങ്ങൾ കൊണ്ട് വെള്ളച്ചാട്ടം പ്രകാശപൂരിതമാകുന്ന കാഴ്ച നഗരത്തിലെത്തുന്നവർക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കനാലിലൂടെ ബോട്ടുകൾ കടന്നുപോകുമ്പോൾ സ്വയം നിർത്തുന്ന രീതിയിലാണ് വെള്ളച്ചാട്ടത്തിന്‍റെ നിർമിതി. പ്രത്യേക സെൻസറുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. 2016 ലാണ് ദുബായ് ഷെയ്ഖ് സായിദ് ഹൈവേയ്ക്ക് താഴെ ദുബായ് കനാൽ എന്ന പേരിൽ കൃത്രിമ കനാലും വെള്ളച്ചാട്ടവും നിർമിച്ചത്. ദുബായിൽ എത്തുന്ന സന്ദർശകർക്ക് വാട്ടർകനാലിലെ വെള്ളച്ചാട്ടം പുതിയ അനുഭവമായി മാറും.