നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സിക്കാനൊരുങ്ങി ദുബായ്. 2025നുള്ളിൽ 30 അസുഖങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നടത്താനാണ് പദ്ധതിയെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം. അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023ലായിരുന്നു നിര്‍ണായകമായ ഈ പ്രഖ്യാപനം.
ഏതൊക്കെ രോഗങ്ങളുടെ ചികിത്സയ്ക്കാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കേണ്ടതെന്ന് പലഘട്ടങ്ങളായി തീരുമാനിക്കും. ഈ വര്‍ഷം ആസ്ത്മയ്ക്ക് സമാനമായ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ഇന്‍ഫ്‌ളേമറ്ററി ബവല്‍ ഡിസീസ്, അസ്ഥിക്ഷയം, ഹൈപ്പര്‍ ഹൈപ്പോ തൈറോയ്ഡിസം, ചര്‍മവീക്കം, മൂത്രത്തിലെ അണുബാധ, മൈഗ്രെയിൻ, ഹൃദയാഘാതം എന്നീ രോഗങ്ങളുടെ ചികിത്സയിലാണ് നിര്‍മിത ബുദ്ധി പ്രയോഗിക്കുക.
രോഗലക്ഷണങ്ങള്‍ പ്രകടമാകും മുൻപ് തന്നെ രോഗസാധ്യത തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധി കൊണ്ട് സാധിക്കും. പല അസുഖങ്ങളിലും നേരത്തെ രോഗം കണ്ടെത്തിയാൽ വേഗത്തിൽ ചികിത്സ നൽകാനും രോഗം ഭേദമാക്കാനുമുള്ള അവസരമാണ് നല്‍കുക. ഇതുവഴി ആരോഗ്യവും അനാവശ്യ ചികിത്സാ ചെലവുകളും കുറയ്ക്കാനാകും.
‘നൈപുണ്യം’ എന്നര്‍ഥത്തിൽ ‘ഇജാദാ’ എന്ന അറബിക് വാക്കാണ് നിര്‍മിത ബുദ്ധി ചികിത്സാ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആദ്യഘട്ടം 2022 ജൂണ്‍ മുതല്‍ ദുബായിൽ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രമേഹത്തിനും ശ്വാസ തടസത്തിനും മാത്രമായി ഉപയോഗിച്ചിരുന്ന എഐ മോഡല്‍ കൂടുതല്‍ രോഗങ്ങളുടെ ചികിത്സയ്ക്കായി വ്യാപിപ്പിക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി.
2024 ആകുമ്പോഴേക്കും അള്‍സര്‍, ആമവാതം, പൊണ്ണത്തടി, മെറ്റബോളിക് സിന്‍ട്രം, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ട്രം, മുഖക്കുരു, ഹൃദയസ്പന്ദനങ്ങളില്‍ വ്യതിയാനം വരുന്ന അരിത്മിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകും. 2025 ല്‍ പിത്താശയക്കല്ല്, ചര്‍മ്മവീക്കം, ത്വക്ക് രോഗം, പക്ഷാഘാതം, ഡിവിടി, വൃക്കരോഗം എന്നിവയ്ക്കും നിര്‍മിത ബുദ്ധി ചികിത്സ നിര്‍ദേശിക്കും. ഇതോടെ കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും ചികിത്സ സാധ്യമാകുമെന്നാണ് പ്രതീക്ഷ.