ദുബായിൽ ഗവൺമെൻ്റ് ജീവനക്കാർക്ക് വേനൽക്കാലത്ത് വെള്ളിയാഴ്‌ച കൂടി അവധി നൽകും. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 12 മുതൽ സെപ്‌തംബർ 30 വരെയാണ് പദ്ധതി നടപ്പിലാക്കുക. ഈ കാലയളവിൽ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കാനും തീരുമാനിച്ചു.
‘ഫ്ളക്‌സിബിൾ സമ്മർ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് (ഡിജിഎച്ച്ആർ) വെള്ളിയാഴ്ച ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ജോലി സമയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായിലെ 15 ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഈ പരീക്ഷണം നടത്തുന്നത്.
വേനൽക്കാലത്ത് ജോലി സമയം ഏഴ് മണിക്കൂറായി കുറച്ചും, വെള്ളിയാഴ്ച പൂർണ അവധി നൽകിയും ജീവനക്കാരുടെ തൊഴിൽ-ജീവിത സന്തുലിത്വം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ഏതൊക്ക ഗവൺമെൻ്റ് സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഗവൺമെൻ്റ് വ്യക്തമാക്കിയിട്ടില്ല.