ദുബായ് നഗരത്തെ ആഘോഷത്തിലാഴ്ത്തുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30-മത് സീസൺ പ്രഖ്യാപിച്ചു. ഡിസംബർ ആറ് മുതൽ 2025 ജനുവരി 12 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുക. ആഘോഷവും ആരവവും ഒത്തുചേരുന്ന 38 ദിവസം നീളുന്ന ലോകോത്തര ഷോപ്പിങ് അനുഭവമാണ് ദുബായ് നഗരം ജനങ്ങൾക്ക് നൽകുക.
1000ലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ മേളയാണിത്. തത്സമയ ഗാനമേളകൾ, പുതുവത്സരാഘോഷങ്ങൾ, തീം പാർക്ക് യാത്രകൾ, ഔട്ട്ഡൗർ സാഹസിക യാത്രകൾ, ബീച്ച് ആഘോഷങ്ങൾ, നിരവധി സമ്മാനങ്ങൾ തുടങ്ങി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനെ സവിശേഷമാക്കാൻ നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഫെസ്റ്റിവൽ ദിവസങ്ങളിൽ ദുബായ് ലൈറ്റ്സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര നിലവാരമുള്ള ഡ്രോൺ ഷോകൾ എന്നിവ സൗജന്യമായി ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. ഫെസ്റ്റിവലിന്റെ സമ്പൂർണ കലണ്ടർ അധികം വൈകാതെ അധികൃതർ പുറത്തിറക്കും.