മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ദുബായ് വാർസാനിൽ 400 കോടി ദിർഹം ചെലവഴിച്ചാണ് വൈദ്യുതി പ്ലാന്റ് നിർമിച്ചിരിക്കുന്നത്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ പ്രതിദിനം 2,300 ടൺ മാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ആദ്യഘട്ടത്തിൽ പ്രതിദിനം 80 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകും.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും പ്രവർത്തനശേഷി കൂടിയതുമായ പ്ലാന്റാണ് ദുബായിൽ തുറന്നിരിക്കുന്നത്. രണ്ടാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിന ഉത്പാപാദനം 220 മെഗാവാട്ടിലേക്കെത്തും. പദ്ധതി പൂർത്തിയാകുമ്പോൾ മാലിന്യം സംസ്കരിച്ച് 5280 മെഗാവാട്ട് വൈദ്യുതിയായിരിക്കും ഇവിടെ നിന്ന് ഉൽപാദിപ്പിക്കുക.