ദുബായിലെ സ്കൂൾ ബസ്സുകൾക്ക് പുതിയ നിര്‍ദ്ദേശവുമായി പൊതു വിദ്യാഭ്യാസ അതോറിറ്റി. കുട്ടികൾക്കായി വീടിന് മുന്നില്‍ ഒരുമിനിറ്റ് വരെ കാത്തുനില്‍ക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ബസ് ഡ്രൈവറിനും സൂപ്പര്‍വൈസറിനും നിര്‍ദ്ദേശം നല്‍കിയതിന് പുറമെ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്കൂൾ ബസ് ഒഴിവാക്കുന്ന സമയങ്ങളില്‍ ഡ്രൈവറെയും സൂപ്പർവൈസറേയും നിർബന്ധമായും അക്കാര്യം അറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കുട്ടി ബസ് സ്റ്റോപ്പിലെത്താന്‍ വൈകിയാല്‍ ലീവ് അല്ലെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കൾ സ്കൂൾ ബാഗ് അടയാളമായി വയ്ക്കണം. കുട്ടികൾ സ്കൂൾ ബസ്സിനുള്ളില്‍ മോശമായി പെരുമാറുകയൊ നാശനഷ്ടങ്ങൾ വരുത്തുകയൊ ചെയ്താല്‍ ഉത്തരവാദിത്വം രക്ഷകര്‍ത്താക്കള്‍ ഏറ്റെടുക്കണം. നാശനാഷ്ടങ്ങളുടെ ചിലവ് വഹിക്കേണ്ടതും രക്ഷിതാക്കളാണ്. അത്തരം കുട്ടികളെ മൂന്ന് ദിവസം ബസ്സില്‍ കയറ്റാതെ അകറ്റി നിര്‍ത്താമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.
ബസ് ഡ്രൈവര്‍മാരെ ബഹുമാനിക്കണം. ഡ്രൈവിംഗ് സമയത്ത് ഡ്രൈവര്‍മാരോട് സംസാരിക്കരുത്. സീറ്റ് ബെല്‍റ്റ് ഉൾപ്പടെയുളള സുരക്ഷാ നിര്‍ദ്ദേശം പാലിക്കാണം. ബസ്സിനുളളില്‍ ഓടുകയൊ നടക്കുകയൊ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ തിരികെ വീട്ടിലേക്ക് എത്തിക്കുമ്പോൾ രക്ഷിതാക്കൾ തന്നെ സ്വീകരിക്കണമെന്നും അതോറിറ്റി സൂചിപ്പിച്ചു.
രക്ഷിതാക്കൾ ബസിനുള്ളിൽ കയറാൻ പാടില്ലെന്നും പരാതികൾ അഡ്മിനിസ്ട്രേറ്ററെ നേരിട്ട് അറിയിക്കാന്‍ തയ്യാറാകണമെന്നും വിദ്യാഭ്യാസ അതോറിറ്റി പുറത്തു വിട്ട സർക്കുലറിൽ വ്യക്തമാക്കി.