ദുബായിൽ ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. 10 വിശ്രമ കേന്ദ്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതിൽ 6 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി (അഡ്നോക്) സഹകരിച്ചാണ് ആർടിഎ വലിയ ട്രക്കുകളുടെ ഡ്രൈവർമാർക്ക് ജോലിക്കിടെ വിശ്രമിക്കാൻ കേന്ദ്രങ്ങൾ ഒരുക്കുന്നത്.
75,000 ചതുരശ്ര മീറ്ററിലാണ് 10 വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഏകദേശം 5,000 ട്രക്കുകൾ ഇവിടെ കൈകാര്യം ചെയ്യാൻ സാധിക്കും. ഓരോ വിശ്രമ കേന്ദ്രത്തിനും 5,000 – 10,000 ചതുരശ്ര മീറ്ററാണ് വലുപ്പമുണ്ടാകുക. 30 മുതൽ 45 ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും. അതോടൊപ്പം വിശ്രമ കേന്ദ്രങ്ങളിൽ ഡീസൽ സ്റ്റേഷൻ, ഡ്രൈവർമാർക്കുള്ള വിശ്രമ മുറി, പ്രാർത്ഥന മുറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കും.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് – ഹത്ത റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി ലെബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്.