ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മനുഷ്യ ഇടപെടലില്ലാതെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകുന്ന രണ്ട് ‘സ്മാർട്ട്’ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു. അൽ മനാറയിലും അൽ കിഫാഫിലുമാണ് സ്മാർട്ട് സേവന കേന്ദ്രങ്ങൾ തുറന്നത്. വാഹന, ഡ്രൈവിംഗ് ലൈസൻസ്, പാർക്കിങ് തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രങ്ങളിളിൽ ലഭിക്കും. ഇരുപത്തി നാല് മണിക്കൂറും കിഫാഫ് സെന്ററിൽ സേവനങ്ങൾ ലഭ്യമാവുമെന്ന് ആർടിഎ അറിയിച്ചു.
മികച്ച ആഗോള ഉപഭോക്തൃ സേവന രീതികൾ അനുസരിച്ചാണ് സ്മാർട്ട് സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൽ മനാറയും അൽ കിഫാഫും പൂർണമായും സ്മാർട്ട്, ഹൈബ്രിഡ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ആർടിഎയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റാർ അൽ തായർ പറഞ്ഞു. ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
2025ഓടെ ആറ് ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളെ കൂടുതൽ സ്മാർട്ടും ഹൈബ്രിഡും ആക്കി മാറ്റാനാണ് അതോറിറ്റി പദ്ധതിയിടുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അൽ ത്വാർ ഉപഭോക്തൃ സന്തോഷ കേന്ദ്രത്തെ സ്മാർട്ടാക്കി മാറ്റാനും പദ്ധതിയുണ്ട്. തൽക്ഷണ സേവനങ്ങളും പിന്തുണയും മാർഗനിർദേശവും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് വീഡിയോ ചാറ്റ് സാങ്കേതികവിദ്യ വഴി ആർടിഎയുടെ കോൾ സെന്റർ ജീവനക്കാരുമായി സംവദിക്കാനും ഈ സ്മാർട്ട് സേവനം സൗകര്യം ഒരുക്കും.
സ്മാർട്ട് കിയോസ്ക്കുകൾ, വെബ്സൈറ്റ്, ആപ്പുകൾ, സർവീസ് കൺസൾട്ടന്റുകൾ, വീഡിയോ ചാറ്റ് സൗകര്യങ്ങൾ എന്നിവ അൽ മനാര സെന്റർ ഫീച്ചർ ചെയ്യുന്നു. പുതിയ പദ്ധതിയിലൂടെ സേവനങ്ങളുടെ എണ്ണം 72 ൽ നിന്ന് 239 ആയി വർദ്ധിപ്പിക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ കേന്ദ്രം പ്രോസസ്സ് ചെയ്യുന്ന ഇടപാടുകളുടെ എണ്ണം 2022ൽ 23,000 ആയിരുന്നു. ഇത് ഈ വർഷാവസാനത്തോടെ 45,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ആർടിഎ പറഞ്ഞു.