ദുബായിലെ ബിസിനസ് ബേയിലുണ്ടായ തീപിടുത്തത്തിൽ വഴിയാത്രക്കാരുടെ അവസരോചിതമായ ഇടപെടലിലേത്തുടർന്ന് ഒഴിവായത് വലിയ ദുരന്തം. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ എസ്‌കേപ്പ് ടവറിലെ ലൈഫ് ഫാർമസിയിലാണ് തീ പടർന്നത്. അതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടൻ വെള്ളവും സുരക്ഷാ ഉപകരണവുമായി അവർ ഓടിയെത്തുകയായിരുന്നു.
ഫാർമസിയിലെ ഗ്ലാസിലാണ് തീ പടർന്നത്. ഇതോടെ തീ ആളിക്കത്താനും തുടങ്ങി. വഴിയാത്രക്കാർ സാധ്യമായ രീതിയിൽ വെള്ളം ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതറിഞ്ഞ എസ്‌കേപ്പ് ടവറിൽ നിന്നുള്ള സുരക്ഷാ ഗാർഡുകളും ഉടൻ സ്ഥലത്തെത്തി. പിന്നീട് എല്ലാവരും ചേർന്ന് അഗ്നിശമന ഉപകരണങ്ങളും വെള്ളവും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
എങ്ങനെയാണ് ഫാർമസിയിൽ തീ പിടിച്ചതെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തായാലും ജനങ്ങളുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം തന്നെയാണ്. സംഭവത്തിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.