ദുബായിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ ഇനി കുടുംബത്തോടൊപ്പം ആഘോഷിക്കാം. എമിറേറ്റിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ദുബായ് നഗരസഭ. സന്ദർശകരുടെ തിരക്ക് നിയന്ത്രിച്ച് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം.
ദുബായിലെ എട്ട് ബീച്ചുകളിലേക്കാണ് പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ-മംസാർ, ജുമൈറ-1, ജുമൈറ-2, ജുമൈറ-3, ഉമ്മുസുഖീം-1, ഉമ്മുസുഖീം-2, ജബൽ അലി ബീച്ച് എന്നിവിടങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ബീച്ചിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി അത്യാധുനിക ഉപകരണങ്ങളും 140 അംഗ സുരക്ഷാ – റെസ്ക്യൂ ടീമിനെയും 65 അംഗ ഫീൽഡ് കൺട്രോൾ ടീമിനെയും വിന്യസിച്ചിട്ടുണ്ട്. എമിറേറ്റിലെ പൊതു ബീച്ചുകൾ ഇതിനോടകം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനും സ്വന്തമാക്കിയിട്ടുണ്ട്. ഇത് സമുദ്ര ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി വിദ്യാഭ്യാസം, മാനേജ്മെന്റ്, പൊതുസുരക്ഷ, മികച്ച സേവനം എന്നിവയെ സൂചിപ്പിക്കുന്നതാണ്.