കുറ്റകൃത്യങ്ങൾ തടയാൻ ദുബായ് പൊലീസിനെ സഹായിച്ച് ‘പൊലീസ് ഐ’ ആപ്ലിക്കേഷൻ. കുറഞ്ഞ കാലത്തിനുള്ളിൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലധികം സുപ്രധാന വിവരങ്ങളാണ് പൊലീസിന് പൊതുജനങ്ങൾ കൈമാറിയത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ആപ്പ് വഴി ലഭിച്ച വിവരങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,08,100 വിവരങ്ങളാണ് പൊലീസ് ഐ ആപ്പ് വഴി പൊതുജനങ്ങൾ നൽകിയത്. ഇവയിൽ 61,287 ക്രിമിനൽ റിപ്പോർട്ടുകളും 46,813 ട്രാഫിക് സംബന്ധമായ റിപ്പോർട്ടുകളുമാണ്. ട്രാഫിക് സംബന്ധിച്ച വിവരങ്ങൾ, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ വിവിധ മേഖലകളിലെ വിവരങ്ങളാണ് ആപ്പ് വഴി പൊതുജനങ്ങൾ പൊലീസിന് കൈമാറുന്നത്.
മയക്കുമരുന്ന് കടത്തുകാരെയും മാഫിയ ശൃംഖലകളെയും പിടികൂടുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും പൊലീസ് ഐ ആപ്പിൽ ലഭിക്കുന്ന വിവരങ്ങൾ സഹായിക്കുന്നുണ്ടെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്‌ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ദുബായിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹത്തിൻ്റെ സജീവമായ പങ്കാണ് ഇതുവഴി വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.