പ്രവാസിയായ പിതാവ് ഉപേക്ഷിച്ച മൂന്ന് കുട്ടികൾക്ക് സംരക്ഷണം ഒരുക്കി ദുബായ് പൊലീസ്. പത്ത് വയസ്സിന് താഴെയുളള മൂന്ന് കുട്ടികളെ മാതാവിനൊപ്പം ഉപേക്ഷിച്ച് പിതാവ് രാജ്യം വിടുകയായിരുന്നു. കുട്ടികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇയാൾ കൊണ്ടുപോയതോടെ മാതാവ് പൊലീസ് സഹായം തേടുകയായിരുന്നു. ദുബൈ പൊലീസ് മനുഷ്യാവകാശ വിഭാഗത്തിലെ ‘ചൈൽഡ് ഒയാസിസ്’ വിങ്ങാണ് തുണയായത്.
മൂന്ന്, എട്ട്, പത്ത് എന്നിങ്ങനെ പ്രായമുള്ള കുട്ടികളും ഇവരുടെ മാതാവുമാണ് പ്രതിസന്ധിയിൽ അകപ്പെട്ടത്. നേരത്തെ മാതാവ് പുതിയ രേഖകൾക്കായി കോൺസുലേറ്റിനെ സമീപിച്ചിരുന്നെങ്കിലും രേഖകൾ ലഭ്യമായില്ല. മാതാവിന്റെയും പിതാവിന്റെയും ഒപ്പില്ലാതെ കുട്ടികൾക്ക് പുതിയ പാസ്പോർട്ട് നിയമപ്രകാരം ലഭിക്കാത്തത് തടസ്സമായി. ഇതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനവും മെഡിക്കൽ ഇൻഷുറൻസ് പുതുക്കലും മുടങ്ങി.
ഇക്കാര്യം മനസ്സിലാക്കിയ പൊലീസ് നിയമപരമായ സഹായങ്ങൾ എത്തിച്ചു. കോൺസുലേറ്റുമായി സഹകരിച്ച് കുട്ടികൾക്ക് രേഖകൾ നൽകാനുള്ള വിധി ലഭിക്കാൻ അപേക്ഷ കോടതിയിൽ നൽകി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് കുട്ടികൾക്ക് പുതിയ രേഖകൾ കൈമാറുകയും ചെയ്തു.
കുട്ടികൾക്ക് മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും സംരക്ഷണവും യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ശിശു-വനിത സംരക്ഷണ വകുപ്പ് ഡയറക്ടർ കേണൽ ഡോ. അലി മുഹമ്മദ് അൽ മത്റൂഷി വ്യക്തമാക്കി.കുട്ടികളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ ദുബായിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.