ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ദുബായ്. 2025 ഓടെ ദുബായിലെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ 370 ചാർജിങ് സ്റ്റേഷനുകളാണ് ദുബായിലുള്ളത്.
3 വർഷത്തിനകം 680 ഇ.വി ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിച്ച് അത് 1000ൽ അധികമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ദുബായിയെ ആഗോള ഹരിത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ക്ലീൻ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നീ പദ്ധതികളിലൂടെ 2050ഓടെ സംശുദ്ധ ഊർജ സ്രോതസുകളിൽ നിന്ന് 100 ശതമാനം ഊർജം ഉൽപാദിപ്പിക്കാനാകുമെന്നാണ് ദുബായ് വിലയിരുത്തുന്നത്.
കൂടാതെ ദുബായിലെ പൊതുഗതാഗതം കാർബൺ രഹിതമാക്കാനുള്ള പ്രവർത്തനത്തിലാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇപ്പോൾ. 2015ൽ ഗ്രീൻ ചാർജർ ഇനിഷ്യേറ്റീവ് ആരംഭിച്ചപ്പോൾ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം 14 ആയിരുന്നത് 2023 മേയ് അവസാനത്തോടെ 11,000 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.