ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഓണ്‍ ആന്‍ഡ് ഓഫ് ബസ് സര്‍വീസാണ് ആര്‍ടിഎ ഏർപ്പെടുത്തുന്നത്.സെപ്റ്റംബർ ആദ്യവാരം മുതൽ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരത്തിന്‍റെ സൗന്ദര്യവും വിസ്മയങ്ങളും ആസ്വദിക്കാൻ എത്തുന്നവർക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ടൂറിസ്റ്റ് ബസ്സുകള്‍ ക്രമീകരിക്കുന്നതിലേക്ക് ആര്‍ടിഎയെ എത്തിച്ചതെന്ന് പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ബഹ്രോസിയന്‍ പറഞ്ഞു.ഇതോടെ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ഒരുങ്ങും.
ദുബായ് മാളിൽ നിന്ന് ആരംഭിക്കുന്ന യാത്രകൾ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ കാണാനുള്ള എളുപ്പവഴിയാണ് വാഗ്ദാനം ചെയ്യുന്നത്.ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ഗോള്‍ഡ് സൂക്ക്, ലാ മെര്‍ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ ദുബായിലെ എട്ട് പ്രധാന ആകര്‍ഷണങ്ങളും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളും സന്ദര്‍ശിച്ചാണ് ഓണ്‍ ആൻഡ് ഓഫ് ബസ്സുകള്‍ സര്‍വീസ് അവസാനിപ്പിക്കുക.
60 മിനിറ്റ് ഇടവേളകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്താനാണ് തീരുമാനം. പ്രഖ്യാപിത ലാന്‍ഡ്മാര്‍ക്കുകളിലൂടെയുളള യാത്ര രണ്ട് മണിക്കൂര്‍ നീളം. ഒരാള്‍ക്ക് 35 ദിര്‍ഹമായിരിക്കും ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിന് ദിവസം മുഴുവന്‍ സാധുതയും അനുവദിക്കും.
ദുബായ് മെട്രോ, മറൈന്‍ , പൊതു ബസുകള്‍ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളുമായി ഓണ്‍ ആൻഡ് ഓഫ് ബസ്സുകളെ ബന്ധിപ്പിക്കും. അല്‍ ഗുബൈബ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും ഈ ടൂറിസ്റ്റ് ബസ്സുകള്‍ സര്‍വീസ് നടത്തുക. ലോകമെമ്പാടും ജനപ്രിയമായ ആശയങ്ങളിലൊന്നാണ് ഓൺ & ഓഫ് ബസ് രീതിയെന്നും ആർടിഎ സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc