ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) മെട്രോയാത്രക്കാർക്ക് പുതിയസൗകര്യം ഏർപ്പെടുത്തി. യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷനിലേക്ക് യാത്രചെയ്യാൻ ഇനി ജബൽഅലി സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ടതില്ല. ഇതിനായി റെഡ്‌ലൈനിൽ പുതിയ ‘വൈ’ ജങ്‌ഷൻ സ്ഥാപിച്ചതായി ആർ.ടി.എ. അറിയിച്ചു.
ദുബായ് മെട്രോ, ട്രാം എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എം.എച്ച്.ഐ.യുടെ സഹകരണത്തോടെയാണ് പുതിയ ജങ്ഷൻ ആരംഭിക്കുന്നത്.
ഈമാസം 15 മുതലാണ് ദുബായ് മെട്രോ പുതിയ സൗകര്യമേർപ്പെടുത്തുന്നത്. വൈ ജങ്ഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർക്ക് സെന്റർ പോയന്റ് സ്റ്റേഷനിൽനിന്ന് യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷനിലേക്കും അവിടെനിന്ന് തിരിച്ചും നേരിട്ട് യാത്രനടത്താം. ഇവർ ജബൽഅലി സ്റ്റേഷനിലിറങ്ങി ട്രെയിൻ മാറിക്കയറേണ്ടി വരില്ല.
ഏപ്രിൽ 15 മുതൽ ഇടവിട്ട സമയങ്ങളിൽ സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലും, എക്സ്പോ 2020 സ്റ്റേഷനിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനികളുണ്ടാകും. ഇവയുടെ വിവരങ്ങൾ മെട്രോ സ്റ്റേഷനിലെ ഇൻഫർമേഷൻ ബോർഡിൽ തെളിയും. റൂട്ടിലെ മാറ്റങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ച് നൽകാൻ പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന് ആർ ടി എ അറിയിച്ചു.