ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമാണ് ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’. 30,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള, ഏഴു നിലകളിലായി തൂണുകളില്ലാത്ത ഘടനയിൽ നിർമിച്ചിരിക്കുന്ന ഈ മ്യൂസിയം 77 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
കെട്ടിടം ദുബായ് ഭരണാധികാരിയുടെ അറബി കാലിഗ്രാഫി ഉദ്ധരണികൾ കൊണ്ട് അലങ്കരിച്ചതാണ്. ദുബൈ നഗരത്തിന്റെ പ്രധാന ഐക്കണുകളിൽ ഒന്നാണ് വേറിട്ട ഈ നിർമ്മിതി. 17,000 ചതുരശ്രമീറ്ററിലധികംനീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിലാണ് മ്യൂസിയം പണിതീർത്തിരിക്കുന്നത്. എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകല്പനചെയ്ത 14,000 മീറ്റർ അറബിക് കാലിഗ്രാഫിയാലും മ്യൂസിയം സമ്പന്നമാണ്. ഇന്ന് ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിന് രണ്ടുവയസ് തികയുകയാണ്. 20 ലക്ഷത്തിലധികം സന്ദർശകർ എന്ന റെക്കോർഡിട്ടാണ് ഫ്യൂച്ചർ മ്യൂസിയം രണ്ടാം വർഷം പിന്നിടുന്നത്.
കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള 172-ലധികം രാജ്യങ്ങളിൽ നിന്നാണ് 20 ലക്ഷത്തിലധികം സന്ദർശകർ എത്തിയത്. ഇതിൽ 40 രാഷ്ട്രനേതാക്കളും ഉൾപ്പെടും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 280-ലധികം പ്രമുഖ ഇവൻ്റുകൾ സംഘടിപ്പിച്ചു, ലോകമെമ്പാടുമുള്ള 20,000-ത്തിലധികം പേർ പങ്കെടുക്കുന്നു. 370-ലധികം അന്താരാഷ്ട്ര, പ്രാദേശിക മാധ്യമ പ്രതിനിധികളും മ്യൂസിയത്തിലെത്തി.