ദുബായിൽ ബിൽഡിങ് പെർമിറ്റ് നേടുകയെന്നത് ഇനി വളരെ ഏളുപ്പമാണ്. ബിൽഡിങ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ‘ദുബായ് ബിൽഡിങ് പെർമിറ്റ്സ് ആപ്ലിക്കേഷൻ’ നവീകരിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി.
അപാകതകൾ പരിഹരിച്ച് പുതിയതായി ഡിസൈൻ ചെയ്തതിനാൽ പൊതുജനങ്ങൾക്ക് ആപ്പ് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. അതോടൊപ്പം ആപ്പിൻ്റെ ഡാഷ്‌ബോർഡിൽ എല്ലാ കാര്യങ്ങളും സംബന്ധിച്ചുള്ള പൂർണ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെട്ടിട ഉടമകൾ, കരാറുകാർ, കൺസൽറ്റന്റുമാർ എന്നിവരുടെ ആവശ്യം മുൻനിർത്തിയുള്ള മാറ്റങ്ങളാണ് ആപ്ലിക്കേഷനിൽ വരുത്തിയിരിക്കുന്നത്.
കെട്ടിട നിർമ്മാണ അനുമതിക്ക് ആവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവയാണ് ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിട്ടുള്ളത്. ദുബായിൽ റജിസ്‌റ്റർ ചെയ്ത കൺസൽറ്റന്റുമാരുടെയും കരാറുകാരുടെയും വിവരങ്ങൾ ആപ്പിലൂടെ കണ്ടെത്താം. അതിനാൽ നിലവിൽ അവർ ചെയ്യുന്ന പ്രോജക്ടുകൾ, പൂർത്തീകരിച്ചവ ഉൾപ്പെടെയുള്ള വിവരങ്ങൾ മനസിലാക്കി ഇവരുടെ വിശ്വാസ്യത സ്ഥലമുടമയ്ക്ക് ആപ്പിലൂടെ സ്ഥിരീകരിക്കാനും സാധിക്കും.
ആപ്ലിക്കേഷന്റെ ഭാഗമായ പോർട്ടലിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയന്ത്രണങ്ങൾ, അറിയിപ്പുകൾ, അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ്, കരാർ കമ്പനികളുടെ വിവരങ്ങൾ, കൺസൽറ്റിങ് ഓഫിസുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പരിശോധിക്കാം. മാത്രമല്ല, കെട്ടിട നിർമ്മാണ അനുമതി, ലൈസൻസ് എന്നിവയ്ക്കായി നൽകിയ അപേക്ഷകളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും.