ദുബായ് എമിറേറ്റിലെ ഒമ്പത് വാഹന രജിസ്ട്രേഷൻ- ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഉടനീളം അവഗണിക്കപ്പെട്ട വാഹനങ്ങൾ ഉടമകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കണ്ടുകെട്ടുമെന്ന് അധികൃതർ അറിയിച്ചു. വാർസൻ, ഖുസൈസ്, ഷാമിൽ മുഹൈസ്‌ന, വാസൽ നദ്ദ് അൽ ഹമർ, തമാം, അൽ ആവിർ മോട്ടോർ ഷോ, അൽ ബർഷ, അൽ മുമയാസ്, വാസൽ അൽ ജദാഫ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ക്യാമ്പൈൻ്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി 68 വാഹന ക്ലിയറൻസ് അലർട്ടുകൾ പുറപ്പെടുവിച്ചു. പരിശോധനാ കേന്ദ്രങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളിലും മുറ്റത്തുമായി വാഹനങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകൾക്ക് 30 മെസേജുകൾ ഉൾപ്പടെ 38 അലേർട്ടുകൾ ഇതിനകം നൽകിക്കഴിഞ്ഞു. കാമ്പെയ്‌നിന് 95 ശതമാനം “പ്രതികരണ നിരക്ക്” ലഭിച്ചതായി സിവിൽ ബോഡി വ്യക്തമാക്കി.
അവഗണിക്കപ്പെട്ട വാഹനം കണ്ടാൽ മൂന്ന് മുതൽ 15 ദിവസം വരെയുളള കാലയളവിലേക്കാണ് അധികൃതർ ആദ്യം മുന്നറിയിപ്പ് നൽകുന്നത്. വാഹനം ദുബായിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ ഉടമയ്ക്ക് എസ്എംഎസ് അയയ്ക്കും. നോട്ടീസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിൽ വാഹനം ക്ലിയർ ചെയ്തില്ലെങ്കിൽ അൽ അവീർ ഏരിയയിലെ ഇംപൗണ്ട്മെൻ്റ് യാർഡിലേക്ക് മാറ്റും. എന്നാൽ ലേലം ചെയ്യുന്നതിനുമുമ്പ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് ഇത് വീണ്ടെടുക്കാൻ അവസരമുണ്ട്.
ലൈറ്റ്, ഹെവി വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന അവഗണിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും കണ്ടെത്താൻ കഴിഞ്ഞ മാസം ഒരു നിരീക്ഷണ സംഘം രൂപീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സയീദ് സഫർ പറഞ്ഞു. വാഹനം പാർക്ക് ചെയ്ത ശേഷം ദീർഘകാല അവധിക്കായി നാട്ടിലും മറ്റും യാത്രപോയവർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.