കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി ഓൺലൈൻ സംവിധാനമൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി പെർമിറ്റ് നേടുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. ഘടനാപരമായ വലിയ മാറ്റങ്ങൾ ഒഴികെയുള്ള അറ്റകുറ്റപ്പണികൾക്കാണ് ഓൺലൈൻ അനുമതി ലഭിക്കുക.
സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ലളിതമായ അറ്റകുറ്റപ്പണികൾ, സ്വയം പരിപാലനം, പ്രത്യേക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പെർമിറ്റ് അനുവദിക്കുക. തറയിലെ മാറ്റം, പെയിന്റിങ്, ഇന്റീരിയർ ആന്റ് എക്സ്റ്റീരിയർ എന്നിവ ഉൾപ്പെടെ ഘടനാപരമല്ലാത്ത കേടുപാടുകൾ തീർക്കുന്നതിന് മുനിസിപ്പാലിറ്റി എഞ്ചിനീയർമാരുടെ പരിശോധന പുതിയ സംവിധാനം വരുന്നതോടെ ഒഴിവാകും.
സ്ഥലഉടമകൾ, കരാറുകാർ, കൺസൽട്ടിങ് ഏജൻസികൾ, എഞ്ചിനീയറിങ് സ്ഥാപനങ്ങൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭ്യമാകുക. ദുബായ് ബിൽഡിങ് പെർമിറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത 1,000 സംരംഭകർക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. മുനിസിപ്പാലിറ്റിയുടെ https://hub.dm.gov.ae/link/servicedetails_ ar?servicecode=3413 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു.