നഗര സൗന്ദര്യവത്ക്കരണത്തിൽ അതീവ ശ്രദ്ധകേന്ദ്രീകരിക്കുന്ന ദുബായ് ഒരു മഴ വന്നുപോയപ്പോഴേക്കും സർവ്വ സജ്ജീകരണവുമായി നിരത്തിലിറങ്ങി. ഏപ്രിൽ 16 ന് രാജ്യത്ത് പെയ്ത കനത്ത മഴയിൽ നിന്ന് ദുബായ് നഗരത്തെ വൃത്തിയാക്കാൻ മുതിർന്ന പൗരന്മാർ ഉൾപ്പെടെ 200-ലധികം സന്നദ്ധപ്രവർത്തകരാണ് ദുബായ് പോലീസിനൊപ്പം ചേർന്നത്.
അതുപോലെ തന്നെ ബുധനാഴ്ച (മെയ് 1) പെയ്തിറങ്ങിയ മഴയെ തുടർന്ന് നഗരത്തിലുണ്ടായ അഴുക്കുകൾ നീക്കി നഗരത്തെ വൃത്തിയാക്കാൻ ഈ സന്നദ്ധപ്രവർത്തകർ വന്നെത്തി. ദുബായ് പോലീസ് സംഘടിപ്പിച്ച ‘ആൻ ഹവർ ഫോർ ദുബായ്’ എന്ന സംരംഭത്തിലാണ് ദുബായ് പോലീസ് ജീവനക്കാരും കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന സന്നദ്ധ സംഘങ്ങൾ പങ്കെടുത്തത്.
പൊതു ഇടങ്ങളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം. മഴയ്ക്ക് മുൻപ് നഗരം എങ്ങനെയിരുന്നോ അത് അങ്ങനെ തന്നെയാക്കി മാറ്റി ഈ സന്നദ്ധപ്രവർത്തകർ. പ്രായഭേദമെന്യേ ആണ് തങ്ങളുടെ നഗരത്തിനായി സന്നദ്ധത അറിയിച്ച് ഓരോ ആൾക്കാരും രംഗത്തെത്തിയത്. ഏതൊരു നഗരത്തിനും മാത്യകയാക്കാവുന്ന ഒന്നാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.