ശക്തമായ മഴയേത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ടതോടെ അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് മൂന്ന് മെട്രോ സ്റ്റേഷനുകളുടെയും പ്രവർത്തനം പൂർവ്വസ്ഥിതിയിലായത്. ഓൺപാസീവ്, ഇക്വിറ്റി, മശ്റഖ് എന്നീ സ്റ്റേഷനുകളാണ് ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുക. ഇതോടെ നീണ്ടനാളത്തെ ജനങ്ങളുടെ യാത്രാദുരിതമാണ് അവസാനിക്കുന്നത്.
ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും ടെസ്റ്റിംഗ് ജോലികളും പൂർത്തിയാക്കിയതിന് ശേഷമാണ് സ്റ്റേഷനുകൾ തുറന്നിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം വാതിലുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, മറ്റ് സേവന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളുടെയും കാര്യക്ഷമത ആർ.ടി.എ നിരവധി പരിശോധനകൾ പൂർത്തിയാക്കി ഉറപ്പാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലെ മെട്രോ യാത്രാ സമയത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനുള്ള നിരവധി ട്രയൽ സർവ്വീസുകളും ഇതിനോടകം പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ പകുതിയോടെ ദുബായിൽ പെയ്ത ശക്തമായ മഴയിൽ കേടുപാടുകൾ സംഭവിച്ചതിനേത്തുടർന്ന് ആർടിഎ അധികൃതർ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മെയ് 28നകം ഈ സ്റ്റേഷനുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ മൂന്ന് സ്റ്റേഷനുകളാണ് പൂർവ്വസ്ഥിതിയിലായിരിക്കുന്നത്. അതേസമയം,
എനർജി സ്റ്റേഷൻ അടുത്തയാഴ്ച്ച പ്രവർത്തനസജ്ജമാകുമെന്നും ആർടിഎ വ്യക്തമാക്കി.