ദുബായുടെ പൊതുഗാതാഗത രംഗത്ത് മെട്രോ യാത്ര തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷം. 2009 സെപ്റ്റംബർ 9 ന് രാത്രി 9 ന് ഒൻപതാം മിനിറ്റിന്റെ ഒൻപതാം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ യാത്രക്കാരനായി ആരംഭിച്ച മെട്രോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾക്കാണ് യാത്രാ സൗകര്യമേകിയത്.
യുഎഇയുടെ അഭിമാനമാകുന്ന നിലയിലേക്ക് മെട്രോ വളര്‍ച്ച കൈവരിച്ചത് അതിവേഗമാണ്. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിച്ചു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി മാറാന്‍ ദുബായ് മെട്രോയ്ക്ക് കഴിഞ്ഞു.
89.3 കിലോമീറ്ററാണ് ദുബായ് മെട്രോയുടെ നീളം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചാരം. റെഡ്, ഗ്രീന്‍ ലൈനുകളിലെ ഇരുദിശകളിലേക്കുമായി ഒരേസമയം അരലക്ഷം ആളുകൾക്ക് സഞ്ചരിക്കാന്‍ സൗകര്യം. ആധുനിക സൗകര്യങ്ങൾ അടങ്ങിയ ബോഗികളും സ്റ്റേഷനുകളും. വൈകുകയൊ വഴിയിലാവുകയൊ ചെയ്യാത്ത യാത്ര തുടങ്ങി നിരവധി ഘടകങ്ങളാണ ദുബായ് മെട്രോയെ വെത്യസ്തമാക്കുന്നത്.
കാര്യക്ഷമതയുടെ കാര്യത്തില്‍ ദുബായ് ആര്‍ടിഎയുടെ സേവനവും പ്രശംസനീയമാണ്. യാത്രാതിരക്കേറുന്നത് അനുസരിച്ച് മെട്രോ സര്‍വ്വീസുകൾ ക്രമീകരിക്കാന്‍ ആര്‍ടിഎയ്ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തിനടെ 1.9 ബില്യന്‍ യാത്രക്കാര്‍ക്കാണ് സേവനം നല്‍കിയത്. പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികളുടെ ഗണത്തിലാണ് മെട്രോ.
ദുബായ് മെട്രോ കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ സേവനം വ്യാപിപ്പിക്കാനാണ് നീക്കം.പുതിയ ഇടങ്ങളിലേക്ക് മെട്രോ സഞ്ചരിച്ചെത്തും. പുതിയ റൂട്ടുകളുടേയും സ്റ്റേഷനുകളുടേയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്ക് ദുബായ് മെട്രോ പുതിയ ഉയരങ്ങൾ താണ്ടുമെന്നാണ് നിഗമനം.