ലോകത്തെ മികച്ച മുന്‍നിര തുറമുഖങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. സിൻഹുവ ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിലുൾപ്പടെ യുഎഇയ്ക്ക് മുന്നേറ്റം കൈവരിക്കാവുന്ന നേട്ടമാണിത്.
സിംഗപ്പൂർ, ലണ്ടൻ, ഷാങ്ഹായ്, ഹോങ്കോംഗ്, ദുബായ് എന്നിവയാണ് 2022 ലെ മികച്ച അഞ്ച് അന്താരാഷ്ട്ര ഷിപ്പിംഗ് കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുളള സമുദ്ര വ്യാപാര രംഗത്ത് താരതമ്യേന അറബ് മേഖല പിന്നില്‍ നില്‍ക്കുമ്പോഴാണ് ദുബായുടെ നേട്ടം. ഇതോടെ ദുബായ് മാരിടൈം സിറ്റിയും അനുബന്ധമായുളള സ്വതന്ത്ര വ്യാപാര പ്രദേശവും അന്താരാഷ്ട്ര ബിസിനസ്സിനും നിക്ഷേപത്തിനും ആകർഷക ഇടമാകുമെന്നാണ് വിലയിരുത്തല്‍.
മാരിടൈം സിറ്റിടെ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 38 മില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുളളത്. പദ്ധതിയിലൂടെ പ്രാദേശിക സമുദ്ര വ്യവസായം വികസിപ്പിക്കാനും നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും ലോകോത്തര നിലവാരത്തിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതായി പ്രീമിയർ ഇന്റർനാഷണൽ മാരിടൈം ഹബ് ഡിപി വേൾഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ മുഅല്ലം റിപ്പോർട്ടിൽ ഉദ്ധരിച്ചു.