വമ്പൻ ഓഫറുകളുമായി പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവ് ലഭിക്കുന്ന നോൾ കാർഡാണ് ഇന്ന് പുറത്തിറക്കിയത്.
ഒരു വർഷത്തേക്ക് തുടക്കത്തിൽ ഈ നോൾ കാർഡിന് 200 ദിർഹം ആണ് വില. വർഷാവസാനം 150 ദിർഹത്തിന് കാർഡ് പുതുക്കാനും സാധിക്കും. നഗരത്തിലെ ഹോട്ടലുകൾ, ഷോപ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റ് ഓഫറുകൾ തുടങ്ങിയവയിൽ അഞ്ച് മുതൽ 10 ശതമാനം വരെ കിഴിവുകളും പുതിയ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായിലെ പൊതുഗതാഗതത്തിനും പാർക്കിംഗിനും പണമടയ്ക്കാനും നോൾ ട്രാവൽ കാർഡ് ഉപയോഗിക്കാം.
പുതിയ നോൾ ട്രാവൽ കാർഡ് തുടക്കത്തിൽ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലും (ഡിഎക്സ്ബി) സൂം, യൂറോപ്കാർഡ് തുടങ്ങിയ ചില പാർട്ണർ സ്റ്റോറുകളിലുമാണ് ലഭ്യമാക്കുക. നോൾ കാർഡ് ഉപഭോക്താവിന് നിലവിൽ കൈവശമുള്ള കാർഡ് പുതിയതായി പുറത്തിറക്കിയ നോൾ ട്രാവൽ കാർഡിലേക്ക് ഇപ്പോൾ മാറാൻ കഴിയില്ല. എന്നാൽ ഭാവിയിൽ ഇതിനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.