പുതുവർഷത്തിൽ പുതിയ തീരുമാനമെടുത്ത് ദുബായ്. ഗ്രേഡ് കുറഞ്ഞ പ്ലാസ്‌റ്റിക് കവറുകളുടെ വില്പന പൂർണമായി നിർത്താനാണ് ദുബായിലെ വ്യാപാര സ്ഥാപന ഉടമകളുടെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി നിരോധിക്കുന്നതിൻ്റെ മുന്നോടിയായാണ് പുതിയ തീരുമാനം.
പുനരുപയോഗ സാധ്യതയുള്ള പ്ലാസ്‌റ്റിക് കവറുകൾ വലുപ്പം അനുസരിച്ച് ന്യായമായ നിരക്കിൽ വിൽക്കാനാണ് തീരുമാനമെന്നും സാധനങ്ങൾ വാങ്ങാൻ വരുന്നവർ സ്വന്തമായി കവറുകൾ കൊണ്ടുവരണമെന്നും വ്യാപാരികൾ വ്യക്തമാക്കി.
യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം പ്രതിവർഷം 1,300 കോടി കവിഞ്ഞതായാണ് റിപ്പോർട്ട്. കാലാവസ്ഥ വെല്ലുവിളി അതിജീവിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി യുഎഇ നടത്തുന്ന മുന്നേറ്റത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.